മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദിയായിരുന്നു മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍.

വികാരത്തിന്റെ അലകളുണര്‍ത്തിയ ഭാവസാന്ദ്രമായ മാന്ത്രികസ്വരം. അര്‍ത്ഥവും ആഴവും അറിഞ്ഞുള്ള ഭാവസാന്ദ്രമായ ആലാപനം. മലയാളികള്‍ ഹൃദയത്തോട് ഇത്രത്തോളം ചേര്‍ത്തുവച്ച മറ്റൊരു മറുഭാഷാ ഗായകന്‍ ഉണ്ടാകില്ല.പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച മുഹമ്മദ് റഫിയുടെ സംഗീതലോകത്തേക്കുള്ള ചുവടുവയ്പ് ആകസ്മികമായിരുന്നു. സൂഫി സന്ന്യാസിയുടെ ഗാനങ്ങളില്‍ ആകൃഷ്ടനായാണ് റഫി പാടാന്‍ ആരംഭിച്ചത്.

ശ്യാം സുന്ദര്‍ ഈണം പകര്‍ന്ന യുഗ്മഗാനം പാടി പതിനേഴാം വയസിലാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന്‍ നൗഷാദാണ് റഫിയെ കൈപിടിച്ചുയര്‍ത്തിയത്. എല്ലാത്തരം ഗാനങ്ങളും റഫിക്ക് വഴങ്ങി. യേ ദില്‍ മുശ്കില്‍ ജീനാ യഹാം, യേ ചാന്ദ്സാ രോഷന്‍ ചെഹരാ, ചാഹൂംഗാ മേ തുച്ഛേ സാഞ്ച് സവേരെ, ക്യാ ഹുവാ തേരാ വാദാ, മേ സിന്ദഗി കാ സാത് നിഭാതാ ചലാ ഗയാ തുടങ്ങിയ അപൂര്‍വ ഗാനങ്ങള്‍ ഒരു ഇന്ത്യക്കാര്‍ക്കും ഒരിക്കലും മറക്കാനാകാത്തതാണ്.ആയിരത്തില്‍പരം സിനിമകള്‍ക്കായി 25,000-ത്തില്‍പരം ഗാനങ്ങള്‍ റഫി പാടി.

‘തളിരിട്ട കിനാക്കള്‍’ എന്ന മലയാള സിനിമയില്‍ ‘ശബാബ് ലേ കേ വോ ജാനി ശബാബ്’ എന്ന ഹിന്ദിഗാനവും റഫി പാടിയിട്ടുണ്ട്.തന്റെ മനസ്സിലെ എക്കാലത്തേയും ഏറ്റവും വലിയ ഗായകന്‍ മുഹമ്മദ് റഫി ആണെന്നാണ് ഗായകന്‍ കെ ജെ യേശുദാസ് പറയുന്നത്.

‘ആസ് പാസ്’ എന്ന ചിത്രത്തിനായി പാടിയ ‘തൂ കഹീ ആസ് പാസ് ഹേ ദോസ്ത്’ ആയിരുന്നു മുഹമ്മദ് റഫിയുടെ അവസാനഗാനം. 55 -ാം വയസ്സില്‍ റഫി നമ്മോട് വിട പറഞ്ഞെങ്കിലും നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മാന്ത്രികസ്വരം ആരാധകരെ പിടിച്ചുലയ്ക്കുന്നു. ആ സ്വരമാധുരിക്ക് മരണമില്ല.

Leave a Reply

Your email address will not be published. Required fields are marked *