ഏതൊരിന്ത്യന്‍ സംവിധായകനെയും പോലെ മണിരത്നത്തിന്‍റെയും സ്വപ്നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു ചിത്രം. പല തവണ അതിനായി ശ്രമിക്കുകയും ചെയ്തു. തിരുടാ തിരുടായുടെ പണികള്‍ നടക്കുന്ന സമയത്താണ് ബോംബെ (ഇന്നത്തെ മുംബൈ) കലാപം നടക്കുന്നത്. ബിരുദ പഠനത്തിന് ശേഷം മണിരത്നം എംബിഎ പഠിക്കാനായി പോയ നഗരം. 1992 ലെ മുംബൈ വര്‍ഗീയ കലാപം മണിയെ വല്ലാതെയുലച്ചു. കലാപം അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

ഇക്കാര്യം എആര്‍ റഹ്മാനുമായി സംസാരിച്ചു. റഹ്മാനും വലിയ താല്‍പര്യമായി. എന്നാല്‍ ഒരു സ്ക്രിപ്ടിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.ചിത്രം മലയാളത്തില്‍ ചെയ്യാന്‍ മണിരത്നം തീരുമാനിച്ചു. മണിരത്നത്തിന്‍റെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ അഭിനയിച്ച ഉണരൂ. റോജയും തിരുടാ തിരുടായും പോലുള്ള വലിയ ചിത്രങ്ങള്‍ക്കു ശേഷം ചെറിയ സ്കെയിലില്‍ ഒരു സിനിമയായിരുന്നു ഇത്തവണ ലക്ഷ്യം.

തിരക്കഥയ്ക്കായി സാക്ഷാല്‍ എംടിയെ തന്നെ കാണുന്നത് ഈ സിനിമയ്ക്കായാണ്. കലാപത്തിനിരയാകുന്ന ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയൊരു സിനിമയായിരുന്നു മനസ്സില്‍. ചര്‍ച്ചകള്‍ പുരോഗമിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയില്‍ നിന്നാരംഭിക്കുന്ന സിനിമ. കലാപം, കലാപ പൂര്‍വകാലം എന്നിങ്ങനെ ബോംബൈ വിക്ടോറിയടെര്‍മിനലില്‍ വന്നിറങ്ങുന്ന കുട്ടിയുടെ അമ്മയിലേക്ക് സഞ്ചരിക്കുന്ന മട്ടിലൊരു കഥ

. കഥക്കൊപ്പം ബജറ്റും വളര്‍ന്നു. പ്രൊഡ്യൂസര്‍ മുദ്ര ശശി ബുദ്ധിമുട്ടു പറഞ്ഞു. ഒരു ബിഗ്ബജറ്റ് ചിത്രം മലയാളത്തില്‍ ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ മണിരത്നത്തിനും ബോധ്യമായി. അങ്ങനെ ആ എംടി–മണിരത്നം ചിത്രം നടക്കാതെ പോയി. അരവിന്ദ് സ്വാമിയും – മനീഷാ കൊയ്‌രാളയും അഭിനയിച്ച് വമ്പന്‍ ഹിറ്റായി മാറിയ ബോംബൈയായി പുനരവതരിച്ചു.

കണ്ണാളനേ, ഉയിരേ ഉയിരേ, ഹമ്മ ഹമ്മ തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുമായി പുറത്തിറങ്ങിയ ബോംബെ.ബോംബെ എന്ന ചിത്രം ആദ്യം പദ്ധതിയിട്ട പോലെ മലയാളത്തിലായിരുന്നുവെങ്കില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നെന്ന് മണിരത്നം ഇന്നും വിശ്വസിക്കുന്നു. പാട്ടുകള്‍ ഒന്നും ഇല്ലാതെ പശ്ചാത്തല സംഗീതം മാത്രമുപയോഗിച്ച് എംടിയുടെ സ്ക്രിപ്ടില്‍ ഒരു ചിത്രം. അതായിരുന്നു മണിയുടെ മോഹം.

Leave a Reply

Your email address will not be published. Required fields are marked *