ടോക്കിയോ: സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. 94 വയസായിരുന്നു. ലിംഫോമയെ തുടര്‍ന്ന് ഡിസംബര്‍ 25നായിരുന്നു ഒസാമുവിന്റെ അന്ത്യമെന്ന് കമ്പനി വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.1958 ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963 ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി.
1978 ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടര്‍ന്ന ഒസാമു തന്റെ 86-ാം വയസില്‍ പ്രസിഡന്റ് സ്ഥാനം മകന്‍ തൊഷിഹിറോ സുസുകിക്ക് കൈമാറി.
2021 ല്‍ തന്റെ 91-ാം വയസില്‍ ഒസാമു, സുസുകി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു.1930 ജനുവരി 30 ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. സുസുകി സ്ഥാപകന്‍ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിലേയ്ക്ക് എത്തുന്നത്.
വ്യവസായ പാരമ്പര്യത്തിന് അനന്തരാവകാശിയാകാന്‍ കുടുംബത്തില്‍ ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഒസാമുവിന്റേത് ദത്തെടുക്കല്‍ വിവാഹമായിരുന്നു. അതിന് ശേഷമാണ് ഭാര്യയുടെ കുടുംബപ്പേരായ സുസുകി ഒസാമുവിന്റെ പേരിനൊപ്പം ചേരുന്നത്.