ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വർഷങ്ങൾക്കു മുന്നേ അനുഭവിച്ച അനുഭൂതിയാണ് ഈ സിനിമയുടെ സെറ്റിൽ നിന്ന് ലഭിച്ചതെന്ന് പറയുകയാണ് നടൻ വിജയരാഘവൻ. 20 ദിവസത്തെ ഡേറ്റ് പറഞ്ഞിട്ട് 32 ദിവസത്തോളം ചിത്രത്തിൽ ഉണ്ടായിരുന്നുവെന്നും ഒരുപാട് നേരം കാത്തിരുന്നിട്ട് ഷോട്ട് ഇല്ലെന്ന് പറയുമ്പോൾ ഈ സെറ്റിൽ വിഷമം തോന്നിയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
വർഷങ്ങൾക്കു മുന്നേ അനുഭവിച്ച അനുഭൂതിയാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്. മുൻപ് കാരവാൻ ഇല്ലാത്തതിനാൽ ഒരു ഷോട്ട് കഴിഞ്ഞ ഉടൻ കൂട്ടമായി ഇരുന്നു സംസാരിക്കും. മര തണലോ, വീട്ടു മുറ്റമോ, തിണ്ണയിലോ ഒക്കെ ഇരുന്നാണ് സംസാരം.
ഷോട്ട് തീർക്കുന്നതിലും പ്രധാനം വട്ടത്തിലിരുന്ന് സംസാരിക്കാനാണ്. സിനിമാ ജീവിതത്തിലെ മനോഹരമായ ഓർമകൾ അതൊക്കെയാണ്. അതൊക്കെ മാറിപ്പോയി.ഇവിടെ ലൊക്കേഷൻ കണ്ടുപിടിച്ചത് ഏക്കറു കണക്കിന് കാടുള്ള ഒരു ഇടത്താണ്. റൈഫിൾ ക്ലബ് സെറ്റിട്ടത് ഇതിന് നടുക്കാണ്.
അഞ്ചു മുറികൾ ഇതിനോടടുത്ത് ഉണ്ടാക്കിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും മേക്കപ്പിനൊക്കെയായി. പക്ഷെ എല്ലാവരും ഒരു മുറിയിലാണ് ഉണ്ടാകുക. കളിയാക്കൽ ഒക്കെയായി കൂടും. അടുത്തിടെ ഒന്നും ഇങ്ങനെ കളിയാക്കിയിട്ടില്ല. ഞാൻ നന്നായി എൻജോയ് ചെയ്തു. കുറേ നാളുകൾക്ക് ശേഷമാണ് അങ്ങനെ.
സുരഭി ഒക്കെ നല്ല രസമായിരുന്നു. 32 ദിവസത്തോളമുണ്ടായിരുന്നു സിനിമയിൽ, എന്നോട് 20 ദിവസം എന്നാണ് പറഞ്ഞിരുന്നത്. ചിലപ്പോൾ ഷോട്ട് ഉണ്ടാവില്ല, അല്ലെങ്കിൽ രണ്ട് ഷോട്ട്ഒക്കെയേ കാണു. രാത്രി രണ്ടു മണി മുതൽ മൂന്ന് മണി വരെ ഒക്കെ ഇരിക്കും. അപ്പോഴാണ് ഇന്ന് ഷോട്ട് ഇല്ലെന്ന് പറയുന്നത്. അതിൽ വിഷമം തോന്നിയിട്ടില്ല. കൂട്ടായ്മയുടെ സുഖം ഉണ്ടായിരുന്നു,’ വിജയ രാഘവൻ പറഞ്ഞു.