പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതിഭാഗം അഭിഭാഷകനായ അഡ്വ. സി.കെ ശ്രീധരനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബല്‍റാം. മനുഷ്യൻ എന്ന വിളിക്കാൻ പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകൻ എന്നാണ് സി.കെ ശ്രീധരനെ ബല്‍റാം ഫെയ്സ്ബുക്കിൽ വിശേഷിപ്പിച്ചത്.
നേരത്തെ കോൺഗ്രസിലായിരുന്ന സി.കെ ശ്രീധരൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതാണ് വിമർശനത്തിന് അടിസ്ഥാനം.എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത് എന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ആദ്യം ഇരകൾക്കൊപ്പം നിന്ന് പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിച്ച് ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി എന്നതാണ് ശ്രീധരനെതിരായ വിമർശനം. അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായികൂടിയാണ് ഇന്നത്തെ കോടതി വിധിയെന്നും ബല്‍റാം വിമർശിക്കുന്നു
.പെരിയ ഇരട്ടക്കൊലക്കേസിൽ കു ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ സിപിഎം നേതാക്കളായ എ.പീതാംബരനും കെ.മണികണ്ഠനും രാഘവൻ വെളുത്തോളിയും കുറ്റക്കാരുടെ പട്ടികയിലുണ്ട്. 10 പേരെ കുറ്റവിമുക്തരാക്കി. കേസിലെ ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.