അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയിൽ നിന്നുള്ള അജിത്തിന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.അജിത് കുമാർ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകൻ ആദിക് രവിചന്ദ്രൻ അജിത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാ വർഷവും അജിത് സാറിന്റെ ശബ്ദം തിയേറ്ററിൽ കേൾക്കാനായി ഞാൻ കാത്തിരിക്കാറുണ്ട്.
എന്നാൽ ഇത്തവണ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാനും അദ്ദേഹം ഡബ്ബ് ചെയ്യുന്നത് കാണാനുമുള്ള ഭാഗ്യമുണ്ടായി. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന മനോഹരമായ യാത്രയോടെയാണ് ഈ വർഷം ആരംഭിച്ചതും പൂർത്തിയാക്കിയതും.
ഈ ഓർമ്മകൾ ഞാനെന്നും സൂക്ഷിക്കും, എന്നാണ് ആദിക് രവിചന്ദ്രൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. അജിത്തിന്റെ ലുക്കിന് മികച്ച പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററിൽ വലിയ തരംഗം തീർക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുമെന്നുമാണ് പലരും കുറിക്കുന്നത്. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു.2025 തല ആരാധകർക്ക് സ്വന്തം; ‘ഗുഡ് ബാഡ് അഗ്ലി’ ഡബ്ബിങ് പൂർത്തിയാക്കി അജിത്