ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നീക്കത്തിലാണ് ചൈന. നിലവിലെ ഏറ്റവും വലിയ മൂന്ന് അണക്കെട്ടുകൾ ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്ന, ഒരു ട്രില്യന്‍ യുവാനിലധികം (137 ബില്യന്‍ യു.എസ്. ഡോളര്‍-11.7 ലക്ഷം കോടി രൂപ) ചെലവ് വരുന്ന വമ്പന്‍ നിര്‍മിതിയാകുമെന്ന് ചൈന ഘോഷിക്കുന്ന ഈ അണക്കെട്ട് പക്ഷേ ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ചൈനയുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്ര നദി(യാര്‍ലങ് സാങ്‌പോ)യിലാണ് ഈ അണക്കെട്ട് നിര്‍മാണം എന്നതുതന്നെയാണ് ഈ ആശങ്കയുടെ അടിസ്ഥാനം.
ടിബറ്റന്‍ പീഠഭൂമിയുടെ ഒരറ്റത്ത്, ഭൂചലനസാധ്യതയുള്ളപ്രദേശത്താണ് ചൈന അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. അണക്കെട്ടില്‍ സംഭരിക്കപ്പെടുന്ന ജലം, രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ആയുധമായി ഉപയോഗിക്കപ്പെടുമോ എന്ന ഭയവും അന്തരീക്ഷത്തിലുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഹിമാലയത്തിലെ കൈലാസ് മേഖലയില്‍നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്‌മപുത്ര, ടിബറ്റിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യയില്‍ പ്രവേശിച്ച് ബംഗ്ലാദേശ് കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. 2840 കിലോ മീറ്ററാണ് നദിയുടെ ദൈര്‍ഘ്യം. യാര്‍ലങ് സാങ്‌പോ എന്നാണ് ബ്രഹ്‌മപുത്ര ടിബറ്റില്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ ബ്രഹ്‌മപുത്രയെന്നും ബംഗ്ലാദേശില്‍ ജമുന എന്നുമാണ് പേര്.
യാര്‍ലങ് സാങ്‌പോയില്‍ എന്നാണ് നിര്‍ദിഷ്ട ഭീമന്‍ അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങുകയെന്ന് ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, നിര്‍മാണം എത്രപേരെ ബാധിക്കും; പ്രദേശത്തുനിന്ന് എത്രയാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന കാര്യവും വ്യക്തമല്ല.
മലിനീകരണത്തിന് വഴിവെക്കുന്ന ഇന്ധനങ്ങളില്‍നിന്ന് മോചനം അഥവാ ക്ലീന്‍ എനര്‍ജിയിലേക്കുള്ള വന്‍ചുവടുവെപ്പായും കാലാവസ്ഥാ വ്യതിയാനത്തിനുള്ള”