തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത്ര സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും മന്ത്രി വീണാ ജോര്‍ജ് പിജിയ്ക്കുമാണ് അന്ന് വിമന്‍സ് കോളേജില്‍ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു. വിമന്‍സ് കോളേജിലെ പഠനം കഴിഞ്ഞ് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒരുമിച്ച് ഒത്തുകൂടുന്നത്.വളരെ മനോഹരമായ ഓര്‍മ്മകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സ്‌കിറ്റ്, ഡാന്‍സ്, മൈം തുടങ്ങിയവയില്‍ പങ്കെടുത്ത വലിയ ഓര്‍മ്മകള്‍ പുതുക്കല്‍ കൂടിയാണ് ഈ കലോത്സവ വേദി. ഇവിടത്തെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തപ്പോള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഇപ്പോഴും ഓര്‍ക്കുന്നു.

ഇവിടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കുമ്പോഴും കര്‍ട്ടന്‍ ഉയരുമ്പോഴും ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും പഴയകാലം ഓര്‍ത്തു പോകുന്നുവെന്നും മന്ത്രി പറഞ്ഞു. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കഴിവുണ്ട്. കുട്ടികള്‍ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണിത്. സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ അവര്‍ ആഘോഷിക്കട്ടെ എന്നുംമന്ത്രി ആശംസിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *