കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസിൽ മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച്ച തൃശ്ശൂരിൽ നിന്നായിരുന്നു ജനീഷിനെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിർദേശിച്ചിട്ടും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനീഷ് കീഴടങ്ങിയിരുന്നില്ല.

മൃദംഗ വിഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ ഒരുക്കിയത് ഓസ്കാര്‍ ഇവന്‍റ്സ് ആണെന്നാണ് സംഘാടകര്‍ വിശദീകരിച്ചിരുന്നത്. സുരക്ഷാ വീഴ്ചയിൽ ഓസ്കാര്‍ ഇവന്‍റ്സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു”നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയെ കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയത്.

അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയത്.തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം.

ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഉമ തോമസിന്‍റെ ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ ഉമ തോമസ് എഴുന്നേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *