കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മാള്‍ഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെ അനുയായിയും തൃണമൂല്‍ പ്രവര്‍ത്തകനുമായ ഹാസു എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രാദേശിക തൃണമൂല്‍ നേതാക്കളും ഇവരുടെ അനുയായികളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടെയാണ് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രാദേശിക നേതാവായ സാക്കിറിന്റെയും പാര്‍ട്ടി മേഖല പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെയും അനുയായികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബാക്കുല്‍ വിഭാഗം പ്രവര്‍ത്തകരെ സാക്കിറിന്റെ അനുയായികള്‍ ആക്രമിച്ചെന്നും ഇതോടെ ബാക്കുല്‍ വിഭാഗം തിരികെ ആക്രമണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷത്തില്‍ ബാക്കുല്‍ ഷെയ്ഖിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുമ്പും മാള്‍ഡ ജില്ലയില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് കൗണ്‍സിലറും തൃണമൂല്‍ പ്രാദേശിക നേതാവുമായ ദുലാല്‍ എന്ന ബബ്ല സര്‍ക്കാര്‍ ആണ് ദിവസങ്ങള്‍ക്ക് മുമ്പ് പട്ടാപ്പകല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പാര്‍ട്ടി ഓഫീസില്‍നിന്ന് സ്വന്തം ഫാക്ടറിയിലേക്ക് പോകുന്നതിനിടെയായിരുന്നു ബബ്ല സര്‍ക്കാരിനുനേരേ ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ മറ്റൊരു തൃണമൂല്‍ നേതാവാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *