1992 ലെ സെപ്റ്റംബര്‍ മാസം. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് സൂപ്പര്‍താര സിനിമകള്‍ ക്ലാഷിനെത്തുന്നു. ഒന്ന് ഒരു ആക്ഷന്‍ ഫാന്റസി ചിത്രം, പേര് യോദ്ധ. മറ്റൊന്ന് തീര്‍ത്തുമൊരു ഫാമിലി ഡ്രാമയായ പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ രണ്ട് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ സിനിമാപ്രേമികള്‍ക്ക് അതൊരു ഉത്സവമായി മാറി.
യോദ്ധ അന്ന് ഒരു ആവറേജില്‍ ഒതുങ്ങിയപ്പോള്‍ പപ്പയുടെ സ്വന്തം അപ്പൂസ് 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമയായി. കാലങ്ങള്‍ക്കിപ്പുറവും യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഇന്നും മോഹന്‍ലാല്‍ – മമ്മൂട്ടി ക്ലാഷിനും അവിടെ പ്രസക്തിയുണ്ടാകുന്നു.മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകള്‍ നിരവധി തവണ പരസ്പരം ബോക്‌സ് ഓഫീസില്‍ പോരടിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളായ വാത്സല്യവും ദേവാസുരവും ഒരുമിച്ചെത്തി കപ്പടിച്ച സിനിമകളായിരുന്നു. രണ്ട് ദിവസത്തെ വ്യത്യാസത്തിലായിരുന്നു ഈ രണ്ട് സിനിമകളും എത്തിയത്. വാത്സല്യം കുടുംബബന്ധങ്ങളിലെ തീവ്രത സ്‌ക്രീനിലെത്തിച്ച് പ്രേക്ഷകരെ കരയിച്ചപ്പോള്‍ ദേവാസുരം മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാസ് ഹീറോയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ചു.
ഇരു സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ വിജയിക്കനായി എന്നതും ഒരു പ്രത്യേകതയാണ്.1993 ലെ മറ്റൊരു മമ്മൂട്ടി മോഹന്‍ലാല്‍ ക്ലാഷ് ആയിരുന്നു മണിച്ചിത്രത്താഴും ഗോളാന്തരവാര്‍ത്തയും. സൈക്കോളജിക്കല്‍ ഹൊറര്‍ ഴോണറില്‍ വിസ്മയം തീര്‍ത്ത മണിച്ചിത്രത്താഴ് മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളുടെ തലതൊട്ടപ്പനായി.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയം നേടി. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഗോളാന്തരവര്‍ത്തകള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാകാനായിരുന്നില്ല. ആ ക്ലാഷില്‍ മോഹന്‍ലാല്‍ വിജയിക്കുകയും ചെയ്തു.2001 ല്‍ മാസ് സിനിമകളുടെ മോഹന്‍ലാല്‍ – മമ്മൂട്ടി ക്ലാഷിനായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്.
ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭുവും വിനയന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ രാക്ഷസരാജാവും 2001 ആഗസ്റ്റ് 31 ന് ഒരുമിച്ച് തിയേറ്ററിലെത്തി. രഞ്ജിത്തിന്റെ ആദ്യ സംവിധാന സംരംഭമായ രാവണപ്രഭു ഒരു പക്കാ മാസ് കൊമേര്‍ഷ്യല്‍ സ്‌റ്റൈലില്‍ ഒരുങ്ങിയപ്പോള്‍ ബ്ലോക്കബ്സ്റ്റര്‍ വിജയം സ്വന്തമാക്കിയായിരുന്നു തിയേറ്റര്‍ വിട്ടത്.
അതേസമയം ഒരു പൊലീസ് ആക്ഷന്‍ ത്രില്ലറായി ഇറങ്ങിയ രാക്ഷസരാജാവിന് വലിയ വിജയം നേടാനായില്ലഒരിടവേളക്ക് ശേഷം താരരാജാക്കന്മാര്‍ പരസ്പരം പോരടിച്ച വര്‍ഷമായിരുന്നു 2007 . അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ഛോട്ടാ മുംബൈ. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനി എത്തിയ ബിഗ് ബി എന്നീ രണ്ടു സിനിമകള്‍ തമ്മിലായിരുന്നു മത്സരം. ഒരാഴ്ച വ്യത്യസ്തയില്‍ തിയേറ്ററിലെത്തിയ ചിത്രങ്ങളില്‍ മേല്‍കൈ ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. തലയും പിള്ളേരും തിയേറ്ററില്‍ തകര്‍ത്താടിയപ്പോള്‍ വിജയം മോഹന്‍ലാലിനൊപ്പം നിന്നു.
തട്ടുപൊളിപ്പന്‍ പാട്ടും, ഫൈറ്റും തമാശകളുമായി ഛോട്ടാ മുംബൈ തിയേറ്ററില്‍ ഉത്സവമായി. തിയേറ്ററില്‍ കാര്യമായ വിജയം നേടാനായില്ലെങ്കിലും ബിഗ് ബി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കള്‍ട്ട് സിനിമകളില്‍ ഒന്നായി മാറി. മലയാളസിനിമയുടെ മുഖം മാറ്റിയ അമല്‍ നീരദ് സിനിമയ്ക്ക് പിന്‍കാലത്ത് ഒരു വലിയ ഫോളോയിങ് ഉണ്ടാകുകയും ചെയ്തു