തിരുവനന്തപുരം കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്.

ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു.തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല.

കൊല്ലാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. കുത്തേറ്റതിന്റെ ഫലമായി കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്.ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു.

രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *