ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവിൽ എത്തിനിൽക്കുകയാണ്. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കിൽ നമ്മൾ ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകാലം മുതലുള്ള ചരിത്രം അറിയേണ്ടതാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് വർഷങ്ങളിൽ, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്.
അപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്.
എന്നാൽ ഇത് ഉടനടി പ്രാബല്യത്തിൽ വന്നില്ല ,പിന്നീട് 1950 ജനുവരി 26 നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതും. അന്നുമുതൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മൾ ഭാരതീയർ ആഘോഷിക്കുന്നു.എന്തുകൊണ്ട് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ജവഹർലാൽ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കുകയും പിന്നീടിത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ഇങ്ങനെയൊരു പ്രത്യേകതയുള്ള ദിനമായതിനാലാണ് റിപ്പബ്ലിക്ക് ദിനം ആചരിക്കാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.
രാജ്യത്തിൻറെ തലസ്ഥാനമായ ഡൽഹിയിലാണ് ആഘോഷപൂർണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ നടക്കുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡൽഹിയിലെ രാജ്പഥിൽ ഒത്തുകൂടുന്നത്. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും,സൈനിക ശക്തിയുടെയും, ഐക്യത്തിൻ്റെയും ഒത്തുചേരൽ കൂടിയാണ്.