തൃശൂർ: പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ. 32 വയസിൽ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ 35 വയസുകാരൻ ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല എന്നും സുരേന്ദ്രൻ ആവർത്തിച്ചു.കേരളത്തിൽ ബിജെപിക്ക് 34 മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
27 ജില്ലാ പ്രസിഡന്റുമാരുടെ നാമനിർദേശം പൂർത്തിയായി. ഇതിൽ നാല് വനിതകളാണുള്ളത്. കാസർഗോഡ് എം എൽ അശ്വിനി, മലപ്പുറത്ത് ദീപാ പുഴയ്ക്കൽ, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാർ. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകൾ തട്ടിൽ പ്രസംഗിക്കാൻ മാത്രമുള്ളതല്ല എന്നും സുരന്ദ്രൻ പറഞ്ഞു.
മൂന്ന് ജില്ലാ പ്രസിഡന്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നാണെന്നും പട്ടികജാതി സമുദായത്തിൽ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.നേരത്തെയും പാലക്കാട്ടെ വിമത വിഷയത്തിൽ സമവായം വേണ്ടെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാനായി ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടു. പ്രശാന്ത് ശിവനെ ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങളില്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തേക്കും. ശേഷം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ ആശങ്ക ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് വിവരം.