തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍ ബിഹാര്‍. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.
ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമായി 19 പോയന്റുള്ള കര്‍ണാടക കേരളത്തിന് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയുടെ എതിരാളികള്‍ ഒന്നാം സ്ഥാനക്കാരായ ഹരിയാനയാണെന്നത് കേരളത്തിന് അനുകൂലമാണ്. അവസാന മത്സരത്തിലെ കേരളത്തിന്റെ എതിരാളികളായ ബിഹാര്‍ ആകട്ടെ കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഇതില്‍ നിന്ന് ലഭിച്ച ഒരു പോയന്റ് മാത്രമാണ് ബിഹാറിന്റെ സമ്പാദ്യം. തോറ്റ അഞ്ച് മത്സരങ്ങളില്‍ നാലിലും ബിഹാര്‍ ഇന്നിംഗ്സ് തോല്‍വിയാണ് വഴങ്ങിയത്”അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ജയം നേടിയാല്‍ നിലവില്‍ 21 പോയന്റുള്ള കേരളത്തിന് 27 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
ഹരിയാനക്കെതിരായ മത്സരത്തില്‍ കര്‍ണാടക ഇന്നിംഗ്സ് ജയം നേടിയാലും പിന്നീട് കേരളത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല. ബിഹാറിനെതിരെ ഇന്നിംഗ്സ് ജയമാണ് കേരളം സ്വന്തമാക്കുന്നതെങ്കില്‍ ബോണസ് പോയന്റ് അടക്കം ഏഴ് പോയന്റ് ലഭിക്കും. ഇതോടെ കേരളത്തിന് 28 പോയന്റാവും.”ഹോം ഗ്രൗണ്ടായ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് ബിഹാറിനെതിരായ കേരളത്തിന്റെ അവസാന മത്സരമെന്നതും കേരളത്തിന് അനുകൂല ഘടകമാണ്. ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കാകട്ടെ കര്‍ണാടകക്കെതിരായ മത്സരം എവേ മത്സരമാണ്.
കര്‍ണാടകക്കെതിരെ സമനില നേടിയാലും തോറ്റാല്‍ പോലും ഹരിയാനക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്. കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഹരിയാനക്ക് ക്വാര്‍ട്ടറിലെത്താനാവും.
ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കര്‍ണാടക-ഹരിയാന പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബിനെതിരെ ഇന്നിംഗ്സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്”