ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ജസ്പ്രീത് ബുംറയുടെ വര്‍ഷമായിരുന്നു 2024. പോയവര്‍ഷത്തെ മികച്ചതാരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ പുരസ്‌കാരം ഇന്ത്യന്‍ പേസ് ബൗളറെ തേടിയെത്തിയത് ചൊവ്വാഴ്ചയാണെങ്കിലും ക്രിക്കറ്റ് ലോകം നേരത്തേതന്നെ ഈ അംഗീകാരം നല്‍കിയിരുന്നു.ജൂണില്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ എട്ട് ഇന്നിങ്സില്‍ 15 വിക്കറ്റുമായി ബുംറ മികച്ച താരമായി.

ടൂര്‍ണമെന്റില്‍ അര്‍ഷ്ദീപ് സിങ് 17 വിക്കറ്റ് നേടിയിരുന്നെങ്കിലും കേവലം 4.17 ഇക്കണോമിയില്‍ 15 വിക്കറ്റ് നേടിയ ബുംറ കിരീടനേട്ടത്തില്‍ വഹിച്ച പങ്കിനുള്ള അംഗീകാരമാണത്. ഇതിനു സമാന്തരമായി ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ വിജയങ്ങളില്‍ പ്രധാനിയായി. ഒട്ടേറെ റെക്കോഡുകളും കുറിച്ചു. ക്രിക്കറ്റിലെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു ഫോര്‍മാറ്റിലും ഒരുപോലെ മികവുകാട്ടിയതിനാണ് ഈ അംഗീകാരമെന്ന് ഐ.സി.സി. വ്യക്തമാക്കി.

“ഇംഗ്ലണ്ടിന്റെ ബാറ്റര്‍മാരായ ജോ റൂട്ട്, ഹാരി ബ്രൂക്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരാണ് മികച്ച താരമാകാന്‍ ബുംറയോട് മത്സരിച്ചത്. മത്സരവിജയങ്ങളില്‍ മൂന്നു ബാറ്റര്‍മാരെക്കാളും സ്വാധീനംചെലുത്താന്‍ ബുംറയ്ക്ക് കഴിഞ്ഞു. ടെസ്റ്റില്‍ ഏറെക്കാലമായി ഒന്നാംറാങ്കിലുള്ള ബുംറ ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരിയോടെ (19.40) ഈ ഫോര്‍മാറ്റില്‍ 200 വിക്കറ്റ് തികച്ചത് ഈയിടെയാണ്.

വര്‍ഷം അവസാനിക്കുമ്പോള്‍ ടെസ്റ്റ് റാങ്കിങ് പോയിന്റ് 907 ആയിരുന്നു. ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.””പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് താരമായി ഐ.സി.സി. കഴിഞ്ഞദിവസം ബുംറയെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം 52 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സണെ മറികടന്നാണിത്.

ടെസ്റ്റില്‍ ബുംറയ്ക്ക് 71 വിക്കറ്റുണ്ട്. വിക്കറ്റിലെ ഈ അന്തരം ബുംറയുടെ മികവിന് അടിവരയിടുന്നു. ഏറ്റവുമൊടുവില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റ് നേടി മാന്‍ ഓഫ് ദി സീരീസ് ആയി. കഴിഞ്ഞവര്‍ഷം ഏകദിനത്തില്‍ ബുംറ കളിച്ചിരുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *