ദില്ലി: നീണ്ട 12 വര്‍ഷത്തിനുശേഷം വിരാട് കോലി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. നാളെ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലാണ് കോലി ഡല്‍ഹിക്കായി ഇറങ്ങുന്നത്. ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് വിരാട് കോലി രഞ്ജി ട്രോഫി കളിക്കാൻ കാരണമായത്.
2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.എലൈറ്റ് ഗ്രൂപ്പ് ഡി പോയന്‍റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു.
റെയില്‍വെസാകട്ടെ നാലാം സ്ഥാനത്താണിപ്പോൾ. റെയില്‍വെസിനെതിരായ രഞ്ജി മത്സരം കളിച്ചശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായി കോലി നാഗ്‌പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്