തമിഴ്നാട് തിരുമുല്ലൈവയലിൽ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. തഞ്ചാവൂർ സ്വദേശികളായ സാമുവലിന്റെയും മകൾ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ അറസ്റ്റിലായി. മൃതദേഹങ്ങൾക്ക് 3 മാസം പഴക്കമുണ്ട്കിഡ്‌നി രോഗിയായിരുന്ന സാമുവലിനെ ചികിൽസിച്ചു കൊണ്ടിരുന്നത് ഈ ഡോക്ടറായിരുന്നു.

ഇൻസ്റ്റാഗ്രാം വഴിയാണ് സന്ധ്യ ഈ ഡോക്ടറെ പരിചയപ്പെടുന്നത്. അങ്ങിനെയാണ് സന്ധ്യയും അച്ഛനും തിരുമുല്ലൈവയലിൽ എത്തുന്നത്. കാഞ്ചീപുരം സ്വദേശിയായ ഡോക്ടറാണ് ഇവർക്ക് താമസിക്കാനായി ഫ്ലാറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയത്. ഇയാളുടെ മേൽനോട്ടത്തിലായിരുന്നു സാമുവലിന് ഡയാലിസിസ് അടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നത്.

സാമുവൽ മരിച്ച ദിവസം ഡോക്ടറും സന്ധ്യയും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അതെ ദിവസം തന്നെ യുവതിയെ ഇയാൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സന്ധ്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിൽ നിന്ന് മണം പുറത്തുവരാതിരിക്കാൻ ഇയാൾ ഫ്ളാറ്റിലെ എ സി ഓൺ ചെയ്‌ത്‌ ചില കെമിക്കലുകൾ അടിച്ച് വീട് പൂട്ടിപോകുകയാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ സന്ധ്യയുടെയും അച്ഛൻ സാമുവലിന്റെയും മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *