കൊൽക്കത്ത: ഒന്നാം വർഷ വിദ്യാർഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയിൽ വൈറലായി ക്‌ളാസ് മുറിയിലെ ‘വിവാഹ വീഡിയോ’. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്‌ളാസ് മുറിയിൽ വെച്ചാണ് വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ വിവാഹിതരാകുന്ന നിലയിലുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം പൂമാല കൈമാറുകയും തുടർന്ന് വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിലുണ്ട്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. നിലവിൽ സംഭവം ശ്രദ്ധയിൽപെട്ട കോളേജ് അധികൃതർ അധ്യാപികയോട് അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്.വിമർശനങ്ങൾ ശക്തമായതോടെ തന്റെ ഭാഗം വിശദീകരിച്ച് അധ്യാപികയും രംഗത്തുവന്നിരുന്നു. ക്യാംപസിൽ നടന്ന ഫ്രഷേഴ്‌സ് ഡേയുടെ ഭാഗമായി നടന്ന ഒരു സ്കിറ്റ് ആയിരുന്നു അതെന്നും, തങ്ങൾ വെറുതെ അഭിനയിക്കുക മാത്രമായിരുന്നുവെന്നുമാണ് അധ്യാപികയുടെ വാദം.
വീഡിയോ മനഃപൂർവം പുറത്തുവിട്ട് തന്റെ പ്രതിച്ഛായ തകർക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അധ്യാപിക പ്രതികരിച്ചു.സംഭവം വിവാദമായതോടെ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താൻ കോളേജ് തീരുമാനിച്ചിട്ടുണ്ട്. അധ്യാപികയുടെ വിശദീകരണം കോളേജ് അധികൃതർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. പഠനസംബന്ധമായി നടക്കുന്ന ഒരു കാര്യമെന്നും അനുചിതമായി ഒന്നും നടന്നിട്ടില്ലെന്നുമാണ് കോളേജ് അധികൃതരുടെയും വാദം.
അന്വേഷണം നടക്കുന്നതിനാലാണ് അധ്യാപികയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും കോളേജ് അധികൃതർ പറഞ്ഞു. എന്നാൽ അധ്യാപികയുടെ പ്രവൃത്തിക്കെതിരെ അധ്യാപക സംഘടനകൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്