തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴിനല്‍കി. കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്കും പങ്കെന്ന നിഗമനത്തില്‍ പൊലീസ് ചോദ്യംചെയ്യല്‍ തുടരുകയാണ്.

കുഞ്ഞിന്റെ അച്ഛന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. അന്തിമ നിഗമനത്തിലെത്തിയിട്ടില്ലന്ന് പൊലീസ്. അന്വേഷണം പുരോഗമിക്കുന്നതായും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്.ഷാജി പറഞ്ഞു.കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവന്‍ കുറ്റം സമ്മതിച്ചെങ്കിലും ദുരൂഹത ഇനിയും നീങ്ങാനുണ്ട്.

പുലർച്ചെ 5 മണിയോടെയാണ് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം എത്തി വീടും പരിസരവും പരിശോധിച്ചു.

വീടിന് പിറകുവശത്തെ കിണർ മറച്ചിരിക്കുന്ന നെറ്റ് ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നതിൽ സംശയം തോന്നിയാണ് പൊലീസ് അഗ്നിശമന സേനയെ വിളിച്ച് വരുത്തി പരിശോധിപ്പിക്കുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്.

തുടർന്ന് കുഞ്ഞിന്റെ അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ ഹരികുമാർ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്ന് മണിക്ക് ശേഷം അമ്മാവൻ ഹരികുമാർ കിടന്ന മുറിയിൽ തീപിടുത്തം ഉണ്ടായി.

തനിക്കൊപ്പം കിടന്ന കുഞ്ഞിനെ പുലർച്ചെ അഞ്ചുമണിയോടെ അച്ഛനൊപ്പം കിടത്തി ശുചിമുറിയിൽ പോയി എന്നും തിരിച്ച് വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല എന്നും അമ്മയും അമ്മൂമ്മയും പറഞ്ഞതായി നാട്ടുകാർ.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ കിണറിന് അടുത്തുള്ള ഷെഡിൽ കുരുക്കിട്ട മൂന്ന് കയറുകൾ കണ്ടെത്തി. എല്ലാം മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *