മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഹാട്രിക് നേടി മുംബൈയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍. മുംബൈക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് വെറും 86 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ശക്തമായ നിലയിലാണ്. 49 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 58 റണ്‍സോടെ സിദ്ദേശ് ലാഡും ക്രീസില്‍.

ആയുഷ് മാത്രെ(5), ഭട്കല്‍(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത മേഘാലയ രണ്ട് റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി തകര്‍ന്നടിഞ്ഞിരുന്നു.

തന്‍റെ രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ അനിരുദ്ധ്, സുമിത് കുമാര്‍, ജസ്ക്രീത് സിംഗ് എന്നിവരെ പുറത്താക്കിയാണ് ഷാര്‍ദ്ദുല്‍ ഹാട്രിക് തികച്ചത്. നേരത്തെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഷാര്‍ദ്ദുല്‍ ഓപ്പണര്‍ നിഷാന്ത് ചക്രബര്‍ത്തിയെ പുറത്താക്കിയിരുന്നു. രണ്ടാം ഓവറില്‍ മോഹിത് അവാസ്തി അര്‍പിത് സുഭാസിനെയും വീഴത്തിയതോടെയാണ് മേഘാലയ കൂട്ടത്തകര്‍ച്ചയിലായത്.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കായി ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ മാത്രം ബൗളറാണ് ഷാര്‍ദ്ദുല്‍.മധ്യനിരയില്‍ പ്രിങ്സാങ്(19), ആകാശ് കുമാര്‍(16), അനിഷ് ചരക്(17), ഹിമാന്‍ ഫുകാന്‍(28) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് മേഘാലയയെ വൻ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ ഹാട്രിക് അടക്കം നാലു വിക്കറ്റെടുത്തപ്പോള്‍ മോഹിത് അവാസ്തി മൂന്നും സില്‍വസ്റ്റര്‍ ഡിസൂസ രണ്ടും വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ജമ്മുപ കശ്മീരിനോട് തോറ്റ നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മേഘാലയക്കെതിരെ വമ്പൻ ജയം അനിവാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *