കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടി പുതിയ ഛിന്നഗ്രഹം. പുതുതായി കണ്ടെത്തിയ ‘2024 YR4 ഛിന്നഗ്രഹം’ 2032ല്‍ ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ടോ എന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. 40 മുതല്‍ 100 വരെ മീറ്റര്‍ വ്യാസം കണക്കാക്കപ്പെടുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത ഗവേഷകര്‍ പൂര്‍ണമായും തള്ളുന്നില്ല.

എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കാന്‍ ഒരു ശതമാനത്തിലധികം സാധ്യതയുള്ള ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആസ്ട്രോയ്ഡ് 2024 വൈആര്‍4 എന്ന് പേരുള്ള ഈ ഛിന്നഗ്രഹം 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് നിലവിലെ അനുമാനം.

ഭൂമിയിൽ നിന്ന് 27 ദശലക്ഷം മൈൽ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം. എന്നാല്‍ ഭൂമിക്ക് അപകടകരമായ നിലയില്‍ 1,06,200 കിലോമീറ്റര്‍ അടുത്തേക്ക് ഈ ഛിന്നഗ്രഹം എത്തുമെന്ന് നിലവില്‍ കണക്കാക്കുന്നു. ഇതിലും അടുത്ത് ഛിന്നഗ്രഹം എത്തുമോ എന്ന് നാസ നിരീക്ഷിക്കുന്നുണ്ട്.

നാസയുടെനിയര്‍ എര്‍ത്ത് ഒബ്‌ജെക്റ്റ് സ്റ്റഡീസ് സെന്‍റര്‍ 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പാത നിരീക്ഷിച്ചുവരികയാണ്.ഈ ഛിന്നഗ്രഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് ഭയമില്ല. ഭൂമിയില്‍ പതിക്കാതെ ഇത് കടന്നുപോകാനാണ് 99 ശതമാനം സാധ്യതയും. എങ്കിലും ഛിന്നഗ്രഹം നമ്മുടെ വലിയ ജാഗ്രത അര്‍ഹിക്കുന്നുണ്ട്’- എന്നും നിയര്‍ എര്‍ത്ത് ഒബ്‌ജെക്റ്റ് സ്റ്റഡീസ് സെന്‍റര്‍ ഡയറക്ടര്‍ പോള്‍ വ്യക്തമാക്കി.

ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ 2024 വൈആര്‍4 ഛിന്നഗ്രഹം കത്തിജ്വലിക്കും. അഥവാ ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ അത് ഗര്‍ത്തം സൃഷ്ടിക്കും. ഭൂമിയിൽ പതിച്ചില്ലെങ്കിൽ ഛിന്നഗ്രഹം 2032 ഡിസംബർ 22ന് ചന്ദ്രനോട് അടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2024 ഡിസംബറില്‍ ചിലിയിലെ ദൂരദര്‍ശിനിയിലാണ് 2024 വൈആര്‍4 ഛിന്നഗ്രഹം ആദ്യമായി പതിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *