കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനക്ക് ശേഷം മൊഴി രേഖപ്പെടുത്തും. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടൻ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായിഅന്വേഷിച്ചുവരികയാണ്.