ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് അമ്മ. പുലർച്ചെ എഴുന്നേറ്റപ്പോൾ അച്ഛൻറെ കൂടെ കിടത്തിയതിനുശേഷം താൻ എഴുന്നേറ്റുപോയി. തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴി.

കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്ന് അച്ഛൻ മൊഴി നൽകി.അമ്മാവൻറെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛൻറെ മൊഴി.എന്നാൽ അമ്മാവൻ നിഷേധിച്ചു. കുഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് കിടന്നത്. കട്ടിൽ കത്തിയപ്പോഴാണ് എഴുന്നേറ്റത്. കട്ടിൽ എങ്ങനെ കത്തി എന്നറിയില്ല.

അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഒപ്പമാണ് കുഞ്ഞ് കിടന്നതെന്നും മുത്തശ്ശി മൊഴി നൽകി. കുഞ്ഞിൻ്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു.

ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *