അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. എനിക്ക് ഒരിക്കലും മെസ്സിയുമായി മോശം ബന്ധം ഉണ്ടായിരുന്നില്ല. ലോകത്ത് എവിടെയും മെസ്സിക്കും എനിക്കും ബഹുമാനം ലഭിച്ചു. മെസ്സി അയാളുടെ കരിയർ മുന്നോട്ടുകൊണ്ടുപോയി. ഞാൻ എന്റെയും. മെസ്സി വളരെ നന്നായി കളിച്ചു. മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ 15 വർഷത്തോളം ഫുട്ബോൾ കളിച്ചു.
ഞങ്ങൾ അടുത്ത സുഹൃത്തുക്കളല്ല. എന്നാൽ പ്രൊഫഷണൽ ഫുട്ബോളിലെ സഹതാരങ്ങളാണ്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ കരിയറിൽ മെസ്സിയും റൊണാൾഡോയും പടുത്തുയർത്തിയ റെക്കോർഡുകൾ ആരെങ്കിലും തകർക്കുമോയെന്ന ചോദ്യത്തിനും സൂപ്പർതാരം പ്രതികരിച്ചു.
അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അത് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി.
ലയണൽ മെസ്സി ബാഴ്സലോണയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെയും ഭാഗമായിരുന്നപ്പോഴാണ് ഇരുവരുടെയും പോരാട്ടങ്ങൾ ഫുട്ബോൾ ലോകത്തിന് ആവേശകരമായത്. 2004ൽ ബാഴ്സലോണയ്ക്കായി മെസ്സി അരങ്ങേറ്റം കുറിച്ചു.
781 മത്സരങ്ങളിൽമെസ്സി ബാഴ്സലോണയുടെ ജഴ്സി അണിഞ്ഞു. 674 തവണ ബാഴ്സയ്ക്കുവേണ്ടി മെസ്സി ഗോളുകൾ നേടി. 10 ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ഏഴ് കോപ്പ ഡെൽ റെയും മെസ്സി ബാഴ്സയ്ക്കുവേണ്ടി നേടി.
ഏഴ് തവണ ബലോൻ ദ് ഓർ പുരസ്കാരവും മെസ്സി നേടിയിട്ടുണ്ട്. 16 വർഷത്തിന് ശേഷമാണ് മെസ്സി ബാഴ്സ വിട്ടിറങ്ങിയത്. പിന്നാലെ ഖത്തർ ലോകകപ്പ് കിരീടം അർജന്റീനൻ ജഴ്സിയിൽ മെസ്സി സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ പി എസ്ജിയാണ് മെസ്സിയുടെ മറ്റൊരു ക്ലബ്.
നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ ഭാഗമാണ് മെസ്സിറയൽ മാഡ്രിഡിന് വേണ്ടി 438 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 451 ഗോളുകൾ നേടി. നാല് തവണ ചാമ്പ്യൻസ് ലിഗും രണ്ട് തവണ വീതം ലാലീഗയും കോപ്പ ഡെൽ റെയും നേടി.
ഒമ്പത് വർഷം റയൽ ജഴ്സിയിൽ പോർച്ചുഗീസ് ഇതിഹാസം പന്തു തട്ടി. അഞ്ച് തവണ ബലോൻ ദ് ഓർ പുരസ്കാരവും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. 2009 മുതൽ 2018 വരെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനായി റൊണാൾഡോ പന്ത് തട്ടി.
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായും ഇറ്റാലിയൻ ക്ലബ് യുവന്റസിനായും റൊണാൾഡോ പന്ത് തട്ടിയിട്ടുണ്ട്. നിലവിൽ സൗദി ക്ലബ് അൽ നസറിന്റെ ഭാഗമാണ് റൊണാൾഡോഇരുവരും 36 മത്സരങ്ങളിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഈ മത്സരങ്ങളിൽ 22 ഗോളുകളും 12 അസിസ്റ്റുമാണ് മെസ്സിയുടെ സമ്പാദ്യം. റൊണാൾഡോ 21 ഗോളുകൾ നേടിയപ്പോൾ ഒരു ഗോളിന് അസിസ്റ്റ് നൽകി