ഇന്ത്യയ്‌ക്കെതിരെ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മോശം പ്രകടനം കാഴ്ച വെച്ചതിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് ഉസ്മാൻ ഖ്വാജ. ഓപ്പണറായി ഇറങ്ങിയ താരത്തിന് 10 ഇന്നിങ്സുകളിൽ 184 റൺസ് മാത്രമായിരുന്നു നേടാനായത്. ഇതോടെ 38 കാരനായ വെറ്ററൻ ബാറ്ററായ ഖ്വാജ വിരമിക്കാനായി എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നു. ഓപ്പണിങ് പൊസിഷനിലേക്ക് യുവ താരം സാം കോൺസ്റ്റാസ് ഉയർന്നുവന്നതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.

എന്നാൽ എല്ലാ ചർച്ചകളെയും കാറ്റിൽ പറത്തി ഖ്വാജ ഇപ്പോൾ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുയാണ്.ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ തകർപ്പൻ ഡബിൾ സെഞ്ച്വറി നേടിയാണ് താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. 352 പന്തിൽ 16 ഫോറുകളും ഒരു സിക്സറുമായി 232 റൺസാണ് ഖ്വാജ നേടിയത്. ഖ്വാജയുടെ ഇരട്ട സെഞ്ച്വറിയുടെയും സ്മിത്ത്, ഇംഗ്ലിസ് എന്നിവരുടെ സെഞ്ച്വറിയുടെയും ബലത്തിൽ കൂറ്റൻ സ്കോറാണ് ഓസീസ് നേടിയത്.

ഈ ഇരട്ട സെഞ്ച്വറിയിൽ ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് മറികടന്ന് ഒന്നാമതെത്താനും ഖ്വാജയ്ക്ക് സാധിച്ചു. ശ്രീലങ്കയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടി ബാറ്ററെന്ന റെക്കോർഡിലാണ് താരം ഇപ്പോൾ ഒന്നാമതെത്തിയിരിക്കുന്നത്.

2010 ൽ സച്ചിൻ സ്ഥാപിച്ച റെക്കോർഡാണ് 15 വർഷങ്ങൾക്കിപ്പുറം ഓസീസ് ഓപ്പണർ പഴങ്കഥയാക്കിയത്. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുമ്പോൾ 38 വർഷവും 42 ദിവസവുമായിരുന്നു ഉസ്മാൻ ഖ്വാജയുടെ പ്രായം. 2010 ൽ കൊളംബോയിൽ നടന്ന ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുമ്പോൾ 37 വർഷവും 93 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം

Leave a Reply

Your email address will not be published. Required fields are marked *