വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ മകനെയും കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് വിവരംകഴിഞ്ഞ ദിവസമാണ് വർക്കലയിൽ മകൾ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടച്ചത്. 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമയെയുമാണ് മകൾ സിജി വീടിന് പുറത്താക്കിയത്.

നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവർ മാതാപിതാക്കളെ വീടിനുള്ളിൽ കയറ്റാൻ തയ്യാറായില്ല. പിന്നീട് അയിരൂർ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകൾ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *