വയനാട് : വയനാട്ടില്‍ സുഹൃത്തായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാന്‍ കാരണമായത് മറ്റൊരു ഓട്ടോഡ്രൈവറായ അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് (38) ആണ് പ്രതി. പ്രതി മുഹമ്മദ് ആരിഫ് കുറ്റകൃത്യം നട‌ത്തിയ ശേഷം സുഹൃത്തായ അസം സ്വദേശിയുടെ ഓട്ടോറിക്ഷ വിളിച്ചുവരുത്തുകയായിരുന്നു. പ്രതി മുഹമ്മദ് ആരിഫിന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായിരുന്നു കൊല്ലപ്പെട്ട മുഖീബ്.

എന്നാൽ മുഖീബിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്താൽ പ്രതി മുഹമ്മദ് ആരിഫ് തന്റെ സുഹ‍ൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.മുഖീബിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം അരഭാഗത്തുവച്ച് മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ് പെട്ടിയിലേക്കും മാറ്റുകയായിരുന്നു. രക്തം പുറത്തു വരാതിരിക്കാനും പ്രതി പ്രത്യേകം ശ്രദ്ധിച്ചു. വെള്ളിലാടിയിൽ ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് കൊലപാതകം നടത്തിയത്.

അതിന് ശേഷമാണ് അസം സ്വദേശിയായ സുഹൃത്തിന്റെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി മൃതദേഹമടങ്ങുന്ന ബാഗും കാർഡ് ബോർഡ് ബോക്സും ഓട്ടോയിൽ കയറ്റി മൂളിത്തോട് എത്തിച്ച് ഉപേക്ഷിച്ചത്. രണ്ടിടങ്ങളിലായി ഓട്ടോയിലിരുന്ന് തന്നെ ആണ് പ്രതി ബാ​ഗ് വലിച്ചെറിഞ്ഞത്. എന്നാൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കൃത്യമായി പൊലീസിന് അടുത്ത് എത്തിച്ചത്.

ആരിഫിനെ തിരികെ ക്വാർട്ടേഴ്സിലെത്തിച്ച ശേഷം ഓട്ടോഡ്രാവർപൊലീസിൽ വിവരം അറിയിച്ചു. കൊലപാതകത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് ആരിഫിനെ തൊണ്ടർനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആരിഫിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പുലർച്ചെയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

Leave a Reply

Your email address will not be published. Required fields are marked *