എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്.

ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിക്കണം. അതിനുശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്. കൂടുതൽ ഒന്നും തീരുമാനിച്ചിട്ടില്ല’ എന്നാണ് ആന്റണി പറഞ്ഞത്. 2019ൽ ആണ് ലൂസിഫർ റിലീസ് ചെയ്തത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നു.അതേസമയം, എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ എന്നിവര്‍ക്ക് പുറമേ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *