ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചു. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഉത്പാദന രംഗം ഇന്ത്യ പൂർണമായി ഇന്ന് ചൈനക്ക് നൽകുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഉത്പാദന രംഗത്ത് ഇന്ത്യ പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം എന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തെ ഭരിച്ച യുപിഎയ്ക്കും ഇപ്പോൾ ഭരിക്കുന്ന എൻഡിഎയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയെക്കാൾ ഉല്പാദന രംഗത്ത് ചൈന പത്ത് വർഷം മുന്നിലാണ്. അന്താരാഷ്ട്ര കൂട്ടായ്മകൾക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോൾ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്.
ഉല്പാദന രംഗത്ത് ഇന്ത്യ മുന്നിലെങ്കിൽ രാഷ്ട്രതലവന്മാർ ഇവിടെ വന്ന് ക്ഷണിച്ചേനേയെന്നും രാഹുൽ ഗാന്ധി വിമർശിച്ചുഇതിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു ഇടപെട്ടു. ഇത് കുറച്ച് നേരം സഭയിൽ ഭരണപക്ഷ ബഹളത്തിന് കാരണമായി. വിദേശ നയത്തിൽ രാഹുൽ കള്ളം പറയുന്നു എന്നായിരുന്നു കിരൺ റിജ്ജുവിൻ്റെ പ്രതികരണം.
ചൈനീസ് പട്ടാളം ഇന്ത്യൻ മണ്ണിൽ കടന്ന് കയറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കരസേന മേധാവി തന്നെ അത് സമ്മതിച്ചുവെന്നും ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് പ്രധാനമന്ത്രിക്കും സൈന്യത്തിനും രണ്ട് അഭിപ്രായമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.സർക്കാരിൽ പിന്നാക്കക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ഭരണഘടനക്ക് മുകളിലല്ല ആർഎസ്എസ് എന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമനത്തെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.