ആഗോളതലത്തില്‍ അമേരിക്ക തുടങ്ങിവെച്ച തീരുവ യുദ്ധം പലവിധത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍ പക്ഷേ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പ്രതീക്ഷയോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തീരുവ ചുമത്തുകയും തിരിച്ച് മറുപടിയായി ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം ഉറപ്പായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മാതാക്കളും ഇതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരും. ചൈനയ്ക്ക് ബദലായി ഇന്ത്യന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ചൈന – യുഎസ് വ്യാപാരയുദ്ധം ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.

രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കായിരിക്കും ഇതിന്‍റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക. ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഡിക്സണ്‍ ടെക്നോളജി, ഒപ്ടിമസ്, ആപ്പിളിന് വേണ്ടി ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ് കോണ്‍ എന്നിവയ്ക്കെല്ലാം ഇതിന്‍റെ നേട്ടം ലഭിക്കും.

ചൈനീസ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തുന്നതോടെ ഇവയുടെ വില വര്‍ധിക്കുകയും എന്നാല്‍ അധിക തീരുവയില്ലാതെ കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിലേക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കുകയും ചെയ്യും.

ആഗോള ബ്രാന്‍ഡുകള്‍ ആയ ആപ്പിള്‍, മോട്ടറോള എന്നിവ ഇന്ത്യയില്‍ നിന്നുള്ളകയറ്റുമതി കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാധ്യതകഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 115 ബില്യണ്‍ ഡോളറിന്‍റെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ആണ് നിര്‍മ്മിച്ചത്.

ഇതില്‍ 52 ബില്യണ്‍ ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണ്‍ ആണ്. ഈ സാമ്പത്തിക വര്‍ഷം ആകെ ഉത്പാദനം 140 ബില്യണ്‍ ഡോളറായി ഉയരും എന്നാണ് പ്രതീക്ഷ. 2030 ഓടെ ഇന്ത്യയുടെ ആകെ ഇലക്ട്രോണിക്സ് ഉല്‍പാദനം 500 ബില്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം.”

Leave a Reply

Your email address will not be published. Required fields are marked *