കൊച്ചി: സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തന്റെ ഇലക്ഷൻ ഏജന്റായിരുന്നില്ല എന്ന് ബിജെപി നേതാവ് ജെ പ്രമീളാദേവി.അനന്തു കൃഷ്ണനെ തനിക്ക് അറിയാം. പല പരിപാടികളിലും തങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. വനിതാ കമ്മീഷൻ അംഗം ആയിരുന്നപ്പോളാണ് പരിചയം. വിശ്വസ്തനാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന സമിതിയംഗമായ ഗീതാകുമാരിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ജെ പ്രമീളാദേവി പറഞ്ഞു.
ഗീതാകുമാരി തന്നോട് ചോദിച്ചല്ല പണം കൊടുത്തത് എന്നും പ്രമീള ദേവി പറഞ്ഞു പണം നഷ്ടമായത് പിന്നീടാണ് അറിഞ്ഞത്. അനന്തുകൃഷ്ണനുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ല. വാർത്തകളിലൂടെയാണ് താൻ അനന്തുവിന്റെ സ്കൂട്ടർ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. എ എൻ രാധാകൃഷ്ണന്റെ സംഘടനയുടെ ബന്ധത്തെക്കുറിച്ചും തനിക്ക് അറിവില്ലെന്നും പ്രമീളദേവി വ്യക്തമാക്കി.അനന്തു പ്രമീളദേവിയുടെ വിശ്വസ്തനാണെന്ന് ഗീതാകുമാരി ആരോപിച്ചിരുന്നു.
അനന്തു തന്നിൽ നിന്നും പലതവണയായി 25 ലക്ഷം തട്ടി. പ്രമീളദേവിയുടെ പി എ ആയിരിക്കെയാണ് തന്റെ പക്കലിൽ നിന്നും പണം വാങ്ങിയത്. അവരുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു അനന്തു.പ്രമീളദേവിയും തന്റെ ബിസിനസിൽ ഉണ്ടെന്ന് അനന്തു തന്നോട് പറഞ്ഞതായും ഗീതകുമാരി പറഞ്ഞിരുന്നു.അതേസമയം തട്ടിപ്പിന് നേതൃത്വം നൽകിയ കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷാണ് വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ട്.
ഷീബാ സുരേഷ് നിരവധി പേരെ പദ്ധതിയിൽ ചേർത്തിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നു. ഷീബാ സുരേഷ് കോർഡിനേറ്റർമാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണംലഭിച്ചിട്ടുണ്ട്.
അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.