രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനു നായിഡു ഇനി ടാറ്റ മോട്ടോഴ്സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവി. രത്തന്‍ ടാറ്റയുടെ പേഴ്സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു ശന്തനു. രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ ഏറ്റവുമധികം ചര്‍ച്ചയായതും ശന്തനു തന്നെയായിരുന്നു. ശന്തനുവിന്റെ ഇനിയുള്ള ചുമതലകള്‍, രത്തന്‍ ടാറ്റയുടെ സ്വത്തില്‍ പങ്കുണ്ടാകുമോ എന്നിങ്ങനെയായിരുന്നു ചര്‍ച്ചകള്‍.
30 വയസ്സ് മാത്രമാണ് ശന്തനു നായിഡുവിന്റെ പ്രായം. ഇത്രയും ചെറിയ പ്രായത്തില്‍ ടാറ്റ ഗ്രൂപ്പ് പോലെയൊരു സ്ഥാപനത്തിന്റെ ഉന്നത പദവിയിലെത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിലുള്ള സന്തോഷം ശന്തനു, സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘വെള്ള ഷര്‍ട്ടും നേവി നിറത്തിലുള്ള പാന്റ്സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്സ് പ്ലാന്റില്‍നിന്ന് തിരിച്ചുവരുന്നതും കാത്ത് ഞാന്‍ ജാനലയ്ക്കരികില്‍ നില്ക്കുമായിരുന്നു.
ഇന്ന് ആ യാത്ര ഒരു പൂര്‍ണചക്രമായി അനുഭവപ്പെടുന്നു’രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഈ ചെറുപ്പക്കാരന്. അദ്ദേഹത്തിന്റെ 84-ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെട്ടത്. 2022 മേയ് മുതല്‍ നായിഡു ടാറ്റയ്ക്കൊപ്പമുണ്ട്.
വില്‍പത്രത്തിലും ശന്തനുവിനായി രത്തന്‍ ടാറ്റയുടെ കരുതലുണ്ടായി. വിദേശത്ത് പോയി പഠിക്കുന്നതിനായി ശന്തനുവെടുത്ത വായ്പ എഴുതിത്തള്ളണമെന്ന് അദ്ദേഹം വില്പത്രത്തില് നിര്‍ദേശിച്ചിരുന്നു.പുണെയില്‍ ജനിച്ചുവളര്‍ന്ന ശന്തനു നായിഡു 2014-ല്‍ സാവിത്രിബായ് ഫൂലെ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി.
ബിരുദാനന്തര ബിരുദത്തിനുശേഷം 2016-ല്‍ കോര്‍ണല്‍ ജോണ്സണ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദം നേടി. ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലിക്കെത്തി. പിന്നീട് ടാറ്റയുടെ വിശ്വസ്തനും സഹായിയുമായിത്തീര്‍ന്നു.