ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള നടപടിക്കാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തല്‍.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സൈനിക വിമാനത്തില്‍ കയറ്റി, അവര്‍ എവിടെനിന്നാണോ വന്നത് അവിടെത്തന്നെ തിരിച്ചെത്തിക്കുമെന്ന് ട്രംപ് നേരത്തെതന്നെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളേക്കും അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈന്യത്തിന്റെ ചരക്ക് വിമാനങ്ങള്‍ പറന്നുകഴിഞ്ഞു
.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ടെക്സാസിലെ സാന്‍ അന്റോണിയോയില്‍നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പറന്ന യു.എസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ഒരു ചാര്‍ട്ടേഡ് വിമാനത്തിലും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു. നാടുകടത്തില്‍ ആദ്യമായല്ല, അതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തേത്.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ ചെലവേറിയതാണ് ഇത്തവണത്തെ ട്രംപിന്റെ നീക്കമെന്ന്ഏജന്സികള് റിപ്പോര്‍ട്ടുചെയ്യുന്നു.
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തുനല്‍കുന്നതിന്റെ അഞ്ചിരട്ടി തുക ചെലവാക്കിയാണ് ഓരോ അനധികൃത കുടിയേറ്റക്കാരനെയും ഗ്വാട്ടിമാലയിലേക്ക് തിരിച്ചയച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു.
ചാര്‍ട്ടര്‍ വിമാനത്തില്‍ ഇവരെ നാടുകടത്തുന്നതിലും ചെലവേറിയതാണ് സൈനിക വിമാനം ഉപയോഗിച്ചുള്ള നടപടിയെന്നാണ് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുതന്നെയാണെങ്കിലും ഇത്തവണത്തെ നാടുകടത്തല്‍ നീക്കത്തിന് സൈനിക വിമാനങ്ങള്‍തന്നെ ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം. യു.എസ് നടപടി 20,000-ത്തിലധികം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.