തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,39,043 വീടുകൾ അനുവദിച്ചതിൽ 4,27,736 വീടുകൾ പൂർത്തിയാക്കിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1,11,306 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ പട്ടികജാതിയിൽ ഉൾപ്പെട്ട 1,16,996 പേരും പട്ടികവർഗ്ഗത്തിൽപ്പെട്ട 43,332 പേരും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ പറഞ്ഞു
.2016 മുതൽ ഒന്നും രണ്ടും പിണറായി സർക്കാർ കാലത്ത് 18,000 കോടി രൂപയിൽ അധികം ലൈഫ് ഭവനങ്ങൾ നിർമ്മിക്കുന്നതിനായി ചെലവഴിച്ചതിൽ 780.42 കോടി രൂപ മാത്രമാണ് കേന്ദ്ര സഹായമായി ലഭിച്ചതെന്ന് കെ.എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
2025-26ൽ ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവനസമുച്ചയങ്ങളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. സമ്പൂർണ ഭവന പദ്ധതിയ്ക്കുള്ള വിഹിതമായി ലൈഫ് മിഷന് 1,160 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻ വർഷത്തേക്കാൾ 80 കോടി രൂപ അധികമാണെന്നും ധനമന്ത്രി വ്യക്തമാക്കി