അതിവേഗത്തിൽ ഓവർ എറിഞ്ഞ് തീർക്കുന്ന തന്റെ കഴിവ് വീണ്ടും പുറത്തെടുത്ത് രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് ജഡേജ അതിവേഗതയിൽ ഓവർ എറിഞ്ഞത്. വെറും 73 സെക്കന്റായിരുന്നു മത്സരത്തിലെ 24-ാം ഓവർ എറിയാൻ ജഡേജയ്ക്ക് വേണ്ടി വന്നത്. ഹാരി ബ്രൂക്കായിരുന്നു ക്രീസിൽ. ഓവറിൽ റൺസൊന്നും നേടാൻ ഇംഗ്ലീഷ് ബാറ്റർക്ക് കഴിഞ്ഞതുമില്ല.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതും ജഡേജയാണ്.
10 ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്ത ജഡേജ മൂന്ന് വിക്കറ്റുകളെടുത്തു. മറ്റെല്ലാ ഇന്ത്യൻ ബൗളർമാരും ഓവറിൽ അഞ്ചിന് മുകളിൽ റൺസ് വിട്ടുകൊടുത്തിരുന്നു.മുമ്പും അതിവേഗത്തിൽ ഓവർ എറിഞ്ഞ് ജഡേജ ശ്രദ്ധ നേടിയിരുന്നു.
2021ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ജഡേജ 64 സെക്കന്റുകൊണ്ട് ഓവർ എറിഞ്ഞ് തീർത്തിരുന്നു. താരത്തിന്റെ കരിയറിലെ വേഗതയേറിയ ഓവറും ഇതാണ്. 2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 93 സെക്കന്റുകൊണ്ടും ജഡേജ ഓവർ തീർത്തിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ ഓവർ എറിഞ്ഞത് പക്ഷേ പാകിസ്താൻ മുൻ താരം യൂനസ് ഖാനാണ്. ഒരു ഇംഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ്പിനിടെ 35 സെക്കന്റുകൊണ്ടാണ് യൂനസ് ഖാൻ ഓവർ എറിഞ്ഞ് തീർത്തത്.