തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ്. പ്രതി പ്രജിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.

പ്രജിന്‍ വീട്ടില്‍ സ്ഥിരം കേട്ടിരുന്നത് ചൈനീസ് പാട്ടെന്ന് പൊലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.മുറിക്കുള്ളില്‍ നിന്ന് പല സംശയാസ്പദമായ കാര്യങ്ങളും കണ്ടെത്തിയിരുന്നു. പ്രജിന്‍ സിഗററ്റ് വലിക്കില്ലായിരുന്നു.

എന്നാല്‍ മുറിക്കുള്ളില്‍ നിന്ന് ആയിരത്തിലധികം സിഗററ്റ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പിലെന്നത് പോലെ മുടി മുറിച്ച് മുറിയുടെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. വവ്വാലിന്റെ ചിത്രമുള്ള ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയിരുന്നു.അച്ഛനെ കൊന്ന മകന്‍ തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന ഭയവും അമ്മ പങ്കുവച്ചിരുന്നു.

എപ്പോഴും മുറി പൂട്ടിയിട്ട് മാത്രമേ ഇയാള്‍ പുറത്തിറങ്ങാറുള്ളുവെന്നും അമ്മ പറയുന്നു. ആരെങ്കിലും മുറിക്കടുത്തേക്ക് പോയാല്‍ തടയും. അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. അച്ഛനെ കഴുത്തില്‍ പിടിച്ച് ചുവരില്‍ ചേര്‍ത്ത് നിര്‍ത്തുന്ന സംഭവം വരെയുണ്ടായിട്ടുണ്ടെന്നും അമ്മ പറയുന്നു.2020ന് മുന്‍പാണ് ചൈനയില്‍ പ്രജിന്‍ എംബിബിഎസിന് പഠിക്കാന്‍ പോയത്. എന്നാല്‍ കൊവിഡ് വന്നതോടെ പഠനം മതിയാക്കി തിരിച്ചെത്തി.

പിന്നീട് സിനിമ അഭിനം പഠിക്കാനായി കൊച്ചിയിലേക്ക് പോയി. മൂന്ന് മാസക്കാലം കൊച്ചിയില്‍ നിന്ന് തിരിച്ചു എത്തി. ഇതിനുശേഷമാണ് പ്രജിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ബ്ലാക് മാജിക് ഉണ്ടോ എന്നകാര്യം വ്യക്തമാവുകയുള്ളു.

അഞ്ചാം തിയതി കൊലപാതകം നടത്തിയതിന് ശേഷം നേരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. ആ സമയത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലായിരുന്നു. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *