ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ (ജെ.ഇ.ഇ) തോറ്റതിന് പതിനെട്ടുകാരി ജീവനൊടുക്കി. ഇന്നലെയാണ് ജെ.ഇ.ഇ മെയിന്‍സിന്‍റെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്താണ് അദിതി മിശ്ര എന്ന വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദിതി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു.

ഉത്തര്‍പ്രദേശിലെ ഖോരഖ്പുരിലാണ് ദാരുണ സംഭവം.അച്ഛനും അമ്മയും എന്നോട് പൊറുക്കണം. എനിക്ക് ജയിക്കാനായില്ല. നമ്മള്‍ തമ്മിലുള്ള ബന്ധം ഇതോടുകൂടി അവസാനിക്കുകയാണ്. നിങ്ങള്‍ രണ്ടുപേരും എന്നെയോര്‍ത്ത് കരയരുത്. നിങ്ങള്‍ എന്നെ ഒരുപാട് സ്നേഹിച്ചു. പക്ഷേ എനിക്ക് നിങ്ങളുടെ സ്വപ്നം സാധിച്ചു നല്‍കാനായില്ല.

അനിയത്തിയെ നന്നായി നോക്കണം. അവള്‍ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ചു തരുമെന്ന ഉറപ്പ് എനിക്കുണ്ട്. സ്നേഹത്തോടെ അദിതി’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.ബേട്ടിയഹട്ടയിലെ ഒരു കോച്ചിങ് സെന്‍റില്‍ രണ്ടു വര്‍ഷമായി ജെ.ഇ.ഇക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു അദിതി.

ഇവിടെയുള്ള ഒരു ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റല്‍ മുറിയില്‍ അദിതിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. ഇന്നലെ പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം അദിതി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചു.വളരെയധികം വിഷമത്തിലായിരുന്നു അദിതി സംസാരിച്ചത്.

മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് തരണമെന്ന് തന്നോട് പറഞ്ഞതായും അച്ഛന്‍ പറയുന്നു. ഈ ഫോണ്‍കോളിനു പിന്നാലെ അദിതിക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പുറത്തേക്ക് പോയി. ഈ സമയത്താണ് തൂങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി തിരികെയെത്തി മുറിയില്‍ കൊട്ടിവിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല.

കതകിന്‍റെ വിടവിലൂടെ മുറിക്കുള്ളില്‍ നോക്കിയപ്പോള്‍ കണ്ടത് ഷോളില്‍ തൂങ്ങിനില്‍ക്കുന്ന അദിതിയെയാണ്. ഇത് കണ്ടമാത്രയില്‍ തന്നെ പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചു.മിസ്റൗളിയ സ്വദേശിയാണ് അദിതി.

മാതാപിതാക്കളെ വിവരം അറിയിച്ചുവെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കുമെന്നും പൊലീസ് സൂപ്രണ്ട് അഭിനവ് ത്യാഗി വ്യക്തമാക്കി. മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *