അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും തൂത്തുവാരിയശേഷം ഫോട്ടോ ഷൂട്ടും പൂര്‍ത്തിയാക്കിയശേഷം ഇന്ത്യൻ ടീമിന് സംഭവിച്ചത് വലിയ അമളി. അഹമ്മദാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയത്. പരമ്പര ജേതാക്കള്‍ക്കുള്ള കിരീടം ഏറ്റുവാങ്ങിയ രോഹിത് അത് ടീമിലെ പുതുമുഖമായ ഹര്‍ഷിത് റാണക്ക് കൈമാറിയിരുന്നു.

ഇതിനുശേഷം ടീം അംഗങ്ങളെല്ലാം ഒരുമിച്ച് നിന്ന് കിരീടത്തോടൊപ്പം ഫോട്ടോ ഷൂട്ടിലും പങ്കെടുത്തു. കിരീടം നിലത്തുവെച്ചശേഷമുള്ള ഫോട്ടോ ഷൂട്ടിനുശേഷം കളിക്കാരെല്ലാം ഗ്രൗണ്ടില്‍ നിന്ന് മടങ്ങി. ഏറ്റവും ഒടുവിലായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെ എല്‍ രാഹുലുമാണ് ഗ്രൗണ്ടില്‍ നിന്ന് കയറാനിരുന്നത്.

എന്നാല്‍ കുറച്ചുദൂരം നടന്നപ്പോഴാണ് കിരീടം എടുത്തിവല്ലെന്ന കാര്യം രോഹിത്തിന് ഓര്‍മവന്നത്. കൂടെയുണ്ടായിരുന്ന രാഹുലിനോട് കിരീടം എടുത്തുവരാന്‍ രോഹിത് നിര്‍ദേശിക്കുന്നതും രാഹുല്‍ ഓടിപ്പോയി കിരിടം എടുത്തുകൊണ്ടുവരുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.ടീം അംഗങ്ങൾ എപ്പോഴും കളിയാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് രോഹിത്തിനോട് മുമ്പ് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തന്‍റെ മറവി ആണെന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്.

പലപ്പോഴും ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ച കാര്യവും ടീമിലെ മാറ്റങ്ങളുമെല്ലാം താന്‍ മറന്നുപോവാറുണ്ടെന്നും രോഹിത് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരമ്പര സ്വന്തമാക്കിയശേഷം കിരീടം തന്നെ മറന്നുപോകുന്നത് ഇതാദ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

“ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നാലു വിക്കറ്റ് വിജയം നേടി. അവസാന മത്സരത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ വിജയവും നേടിയാണ് ഏകദിന പരമ്പര തൂത്തുവാരി കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *