മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും അവസാന ഐസിസി ടൂര്‍ണമെന്‍റാകും ചാമ്പ്യൻസ് ട്രോഫിയെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.ഹൃദയവേദനയോടെയാണെങ്കിലും ആ സത്യം തുറന്നു പറഞ്ഞെ മതിയാകൂ എന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.അങ്ങേയറ്റം ഹൃദയവേദനയോടെയാണ് ഞാനിത് പറയുന്നത്. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞാല്‍ ഈ വര്‍ഷം ബാക്കിയുള്ള ഒരേയൊരു ഐസിസി ടൂര്‍ണമെന്‍റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്.
ഇന്ത്യ ഫൈനലിലെത്തിയിട്ടില്ലാത്തതിനാല്‍ മൂന്നു പേര്‍ക്കും ഈ മത്സരം കളിക്കാനാവില്ല. പിന്നെ നടക്കാനുള്ളത് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചതിനാല്‍ മൂന്ന് പേര്‍ക്കും ഈ ടൂര്‍ണമെന്‍റിലും കളിക്കാനാകില്ല.2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പാകട്ടെ ഒരുപാട് ദൂരെയാണ്.
അതുകൊണ്ട് തന്നെ ഈ ചാമ്പ്യൻസ് ട്രോഫി രോഹിത്തിന്‍റെയും കോലിയുടെയും ജഡേജയുടെയും അവസാന ഐസിസി ടൂര്‍ണമെന്‍റാകുമെന്നും ചോപ്ര പറഞ്ഞു. 36കാരനായ കോലിയും 37കാരനായ രോഹിത്തും 35കാരനായ ജഡേജയും കഴിഞ്ഞവര്‍ഷം ടി20 ലോകകപ്പ് നേട്ടത്തോടെയാണ് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.ഇത്തവണ ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയാല്‍ രോഹിത്തും കോലിയും ജഡേജയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപകാലത്ത് മോശം ഫോമിലായിരുന്ന രോഹിത്തും കോലിയും ജഡേജയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. രോഹിത് സെഞ്ചുറി നേടിയപ്പോള്‍ അവസാന മത്സരത്തില്‍ കോലി അര്‍ധസെഞ്ചുറി നേടി. ബൗളിംഗില്‍ മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകളെടുത്ത് ജഡേജയും തിളങ്ങിയിരുന്നു. ഫെബ്രുവരി 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.”