ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തിയതിൽ വിമര്‍ശനവുമായി ആര്‍ അശ്വിന്‍. ചാംപ്യൻസ്ട്രോഫി ടീമില്‍ എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെന്ന് അശ്വിന്‍ യുട്യൂബ് വീഡിയോയില്‍ ചോദിച്ചു. ചാംപ്യൻസ് ട്രോഫിയുടെ പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തതിലും മുൻ ഇന്ത്യൻ സ്പിന്നർ വിമർശനം ഉന്നയിച്ചു.
കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ പിന്നെ എങ്ങനെയാണ് വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് അശ്വിന്‍ ചോദിച്ചു.
ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ച് സ്പിന്നര്‍മാരുമായി ചാംപ്യൻസ് ട്രോഫി കളിക്കാന്‍ പോകുന്നത്. എന്നാല്‍ അടുത്തിടെ ഇവിട നടന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ മുൻതൂക്കം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്നോ നാലോ സ്പിന്നര്‍മാര്‍ക്ക് പകരം എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെയൊക്കെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
നിലവിൽ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേൽ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി വാഷിംഗ്ടൺ സുന്ദർ എന്നിവരെയാണ് സ്പിന്നർമാരായി ഉൾപ്പെടുത്തിയിട്ടുള്ളത്. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ് , ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് പേസർമാരായി ടീമിലുള്ളത്