തിരുവനന്തപുരത്ത്: സിനിമ നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ അവഗണിക്കുമെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍.


‘നിര്‍മ്മാതാക്കളുടെ ഭാഗം സംഘടനയ്‌ക്ക് വേണ്ടി താന്‍ അവതരിപ്പിച്ചതിന് ചിലര്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അസത്യമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് പറഞ്ഞത്.

ആരുടെയും പിന്തുണ പ്രതീക്ഷിച്ചില്ല, മുന്നോട്ട് ഇറങ്ങിയത്. പ്രമുഖ നിര്‍മ്മാതാക്കള്‍ക്കടക്കം ഇവിടുത്തെ താരങ്ങളെ പേടിയാണ്. പക്ഷെ എനിക്കതില്ല. പറയാനുള്ളത് ഞാന്‍ പറയും. ആരോടായാലും. പ്രശ്‌നം പരിഹരിച്ചിട്ടേ പിന്‍വാങ്ങുകയുള്ളൂ.’ സുരേഷ് കുമാര്‍ പറഞ്ഞു.

നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചു. മോഹന്‍ലാലും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒത്തുതീര്‍പ്പിനൊന്നും ഇല്ലെന്ന നിലപാടിലാണ് സുരേഷ് കുമാറിന്റെ നിലപാട്.സൂപ്പര്‍ താരങ്ങളുമായുള്ള വ്യക്തി ബന്ധത്തെ വിവാദം ബാധിക്കില്ലന്നും സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

‘മമ്മൂട്ടിയും മോഹന്‍ലാലുമായി നല്ല അടുപ്പമാണ്. മോഹന്‍ലാലുമായി എടാ പോട ബന്ധമാണ്. ലാലുമായി എനിക്ക് യാതൊരു പ്രശ്‌നവും ഇല്ല. വെറുതെ സംസാരിച്ച് വിഷയം ആകണ്ടയെന്ന് കരുതിയാണ് ഫോണ്‍ എടുക്കാഞ്ഞത്. മമ്മൂട്ടിയെ എന്റെ സ്‌കൂട്ടറിലിരുത്തി തിരുവനന്തപുരം സിറ്റി ഞാന്‍ കറങ്ങിയിട്ടുണ്ട്. അപ്പോള്‍ മമ്മൂട്ടിയുടെ ശിങ്കിടി എന്നു വേണെല്‍ പറയാം.

മമ്മൂട്ടി മമ്മൂട്ടിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മറ്റൊരു നിര്‍മ്മാതാവിനും അങ്ങിനെ ഒരുവസരം കിട്ടിക്കാണില്ല. രണ്ടു മക്കളെയും ഞാന്‍ എടുത്തു നടന്നിട്ടുണ്ട്. പക്ഷെ ഈ ഒരു വിഷയത്തില്‍ എനിക്ക് ആ ബന്ധങ്ങള്‍ നോക്കാന്‍ പറ്റില്ല.’ സുരേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *