കാനഡയിലെ ടൊറാന്റോയില്‍ വിമാനാപകടം. ലാന്‍ഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് ശേഷം കാനഡയില്‍ ലാന്‍ഡ് ചെയ്തത്. മഞ്ഞുമൂടിയ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തലകീഴായി മറിയുകയായിരുന്നു.
യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് വലിയ അത്യാഹിതങ്ങള്‍ ഒഴിവാക്കിയത്. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഒരു കൊച്ചുകുട്ടിയ്ക്കും അറുപതിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്കും മധ്യവയസ്‌കയായ ഒരു സ്ത്രീയ്ക്കും ഗുരുതരമായി പരുക്കേറ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുരുതരമായി പരുക്കേറ്റവരെ ആംബുലന്‍സുകളിലും ഹെലികോപ്റ്ററുകളിലുമായി ആശുപത്രികളിലേക്ക് മാറ്റി.
വിമാനത്തിന്റെ ഫ്യൂസ്ലേജില്‍ നിന്ന് പുക ഉയര്‍ന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റ് വിമാനങ്ങളൊന്നും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ഫ്‌ലിന്റ് പറഞ്ഞു.
അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചെന്നും വിമാനങ്ങള്‍ വഴിതിരിച്ച് വിട്ട് മറ്റിടങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.