അമേരിക്കയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ടെസ്‌ലയുടെ പുതിയ നീക്കം. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് ഉള്‍പ്പെടെ 13 തസ്തികകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ മുംബൈയിലും ന്യൂഡല്‍ഹിയിലുമാണ്.

ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ടെസ്‌ല പലപ്പോഴും ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള, ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതായിരിക്കാം ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാനുള്ള നടപടികള്‍ ടെസ്‌ല വേഗത്തിലാക്കാന്‍ കാരണം. ചൈനയുടെ 11 മില്ല്യണുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പന ഒരു ലക്ഷമാണ്.2023 ഓഗസ്റ്റില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗമായ ടെസ്‌ല ഇന്ത്യന്‍ മോട്ടോര്‍ ആന്റ് എനര്‍ജി പുണെയില്‍ ഓഫീസ് തുറന്നിരുന്നു. പുണെയിലെ വിമന്‍ നഗറിലെ പഞ്ച്ഷില്‍ ബിസിനസ് പാര്‍ക്കിലാണ് ഓഫീസ്.

5,850 ചതുരശ്ര അടിവിസ്തീര്‍ണമുള്ള ഓഫീസിന് 11.65 ലക്ഷം രൂപയാണ് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. പാട്ടകാലാവധിയുടെ മൊത്തം വാടക 7.72 കോടി രൂപയുമാണ്.

2023 ജൂലായ് 26-നാണ് ഇതുസംബന്ധിച്ച കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 ജനുവരിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗം ബെംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *