കോട്ടയം വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലക്കു കെട്ട ബിന്ദു വേലു അക്രമം അഴിച്ചു വിട്ടത്.

ബസിനുള്ളില്‍ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞു. പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളിയും ഉണ്ടായി. ബസ് പതിനാലാം മൈല്‍ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയില്‍ ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു.

ഏറെ പണിപ്പെട്ട് യാത്രക്കാരിയെ നാട്ടുകാര്‍ രക്ഷിച്ച് ബസിലേക്ക് കയറ്റി.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ്.ഐ ജോബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

ബിന്ദുവിനെ പുളിക്ക കവലയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈയ്ക്ക് മുറിവുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ കൊണ്ടു പോയി പ്രാഥമിക ചികിത്സ നല്‍കുകയും മെഡിക്കല്‍ പരിശോധനയും നടത്തി.

പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ പോലീസ് ബിന്ദുവിനെതിരെ സ്വമേധയാ കേസെടുത്തു. ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മര്‍ദ്ദനമേറ്റവര്‍ പരാതിയുമായി വന്നാല്‍ ബിന്ദുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *