അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 457 റണ്‍സിൽ അവസാനിച്ചു. 177 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന്‍റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസെടുത്തിട്ടുണ്ട്. എട്ട് റണ്‍സോടെ പ്രിയങ്ക് പഞ്ചാലും 11 റണ്ണുമായി ആര്യ ദേശായിയും ക്രീസില്‍.418-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ(11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ്(5) റണ്ണൗട്ടായി.

എൻപി ബേസിലിനെ(1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്ച് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും പറത്തി 177 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി .

അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സ്പിന്നിനെ തുണച്ചുതുടങ്ങിയ പിച്ചില്‍ ഗുജറാത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതെയുടെയും ജലജ് സക്സേനയുടെ ബൗളിംഗ് പ്രകടനമാവും കേരളത്തിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമാകുക. മിന്നും ഫോമിലുള്ള പേസര്‍ എം ഡ‍ി നിധീഷിലും കേരളത്തിന് പ്രതീക്ഷയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *