പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഏത് തരം ചിത്രമെന്ന് പ്രേക്ഷകരെ കൃത്യമായി ധരിപ്പിച്ചുകൊണ്ട് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ മാര്‍ക്കോയ്ക്ക് ശേഷം തീര്‍ത്തും വ്യത്യസ്തമായ റോളില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്ന ചിത്രം എന്നതും സിനിമാ പ്രേമികളില്‍ കൗതുകം സൃഷ്ടിച്ച കാര്യമായിരുന്നു.
ഉണ്ണി മുകുന്ദനിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന നടന് തെളിവാകുന്നുണ്ട് ഗെറ്റ് സെറ്റ് ബേബിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍.കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സെന്‍സിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ അര്‍ഹിക്കുന്ന പരിഗണന നല്‍കി എഴുതിയിട്ടുണ്ട് ഇരുവരും. ഈ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള, ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഗൈനക്കോളജിസ്റ്റ് ആണ് ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍.
കുട്ടികള്‍ ഉണ്ടാവാനായി നീണ്ട കാത്തിരിപ്പ് നടത്തിയ നിരവധി ദമ്പതികള്‍ക്ക് ആശ്വാസം പകര്‍ന്ന ഡോക്ടറെന്ന് പേരുകേട്ടയാളാണ് അര്‍ജുന്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കുറവായ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ചഡോക്ടറെന്ന് പേരെടുത്ത അര്‍ജുന്‍റെ കരിയറും വ്യക്തിജീവിതവും ചേരുന്നതാണ് ഗെറ്റ് സെറ്റ് ബേബിയുടെ പശ്ചാത്തലം