തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ പലപ്പോഴും ഉറ്റവരോട് പണവും സ്വര്‍ണവും ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് മൊഴികള്‍. ഒടുവില്‍ ആവശ്യപ്പെട്ട സ്വര്‍ണം കിട്ടാത്തതിലുള്ള വൈരാഗ്യവും കൊടും ക്രൂരതിയിലേക്ക് നയിച്ചെന്നാണ് അനുമാനം.
പണയം വയ്ക്കാൻ സ്വർണ മാല ചോദിച്ച് രണ്ട് ദിവസം മുന്‍പും അഫാന്‍ വീട്ടില്‍ വന്നിരുന്നെന്ന് അഫാന്‍ കൊലപ്പെടുത്തിയ വല്ല്യുമ്മ സല്‍മാബീവിയുടെ മൂത്തമകന്‍ ബദറുദീന്‍ പറയുന്നു.കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ അഫാൻ എന്ന 23 കാരനാണെന്നറിഞ്ഞ് നാട് ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. വെഞ്ഞാറമൂട് നിന്ന് 7 കിലോമീറ്റർ അകലെ പേരുമലയിലാണ് അഫാന്റെ വീട്.
പിതാവിന് വർഷങ്ങളായി വിദേശത്ത് ബിസിനസ് ആണ്. വീട്ടിൽ ഉമ്മയും കുഞ്ഞനുജനും അഫാനും മാത്രമാണ് ഉള്ളത്.അഫാൻ ബികോം ബിരുദധാരിയാണ് . 55 ശതമാനം മാർക്കോടെ ബികോം പാസായെങ്കിലും പിന്നീട് പഠിക്കാൻ പോയില്ല. പിതാവിന്‍റെ കൂടെ വിദേശത്ത് ബിസിനസ് നടത്താനാണ് ആഗ്രഹം എന്ന് പറഞ്ഞ് പഠിത്തം അവസാനിപ്പിച്ചു.
കോവിഡ് കാലത്ത് പിതാവിന്‍റെ ബിസിനസിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി.അതോടെ അഫാനെ വിദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് മാറ്റിവെച്ചു. പിന്നീട് അഫാന്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് വീട്ടിൽ തന്നെയായിരുന്നു.നാട്ടിലാണെങ്കിലും അധികം സുഹൃത്തുക്കൾ ഒന്നുമില്ല.
ആരോടും പെട്ടെന്ന് അടുപ്പം കൂടുന്ന സ്വഭാവക്കാരൻ ആയിരുന്നില്ല. പലപ്പോഴും ബൈക്കുമായി കറങ്ങി നടക്കുന്നതാണ് അയൽക്കാർ കണ്ടിട്ടുള്ളത്. എങ്കിലും ആരോടും മോശമായി പെരുമാറുകയോ ചീത്ത പേരുണ്ടാക്കുകയും ചെയ്തിട്ടില്ല. അനുജൻ അഫ്സാനോട് വലിയ സ്നേഹം കാണിച്ചിരുന്നു എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.
ഏറ്റവും ഒടുവിൽ അനുജൻ ഉൾപ്പെടെ അഞ്ചുപേരെ അതിക്രൂരമായി കൊന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാനാവാതെ നടുങ്ങി നിൽക്കുകയാണ് ഈ നാട്.തിങ്കഴാഴ്ച വൈകീട്ടോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്.
താൻ ആറ് പേരെ കൊന്നു, സഹോദരന്റെയും യുവതിയുടെയും മരണം ഉറപ്പാക്കിയെന്നും അഫാൻ വെളിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി. അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.