മധ്യപ്രദേശില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി കടുവയുടെ ആക്രമണത്തിൽ നിന്നും ഉടമയെ രക്ഷിച്ച് വളര്‍ത്തുനായ. ഉമാരിയ ജില്ലയിലെ ബാന്ധവ്ഗഡ് ടൈഗർ റിസർവിനടുത്തുള്ള ഭർഹട്ട് ഗ്രാമത്തിലെ ഫാമിലാണ് സംഭവം. ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
തന്റെ വളർത്തുനായയ്ക്കൊപ്പം വീടിന് പുറത്ത് നടക്കുമ്പോളാണ് ശിവം ബർഗയ്യയ്ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്. ‘കടുവ പെട്ടെന്ന് എന്റെ അടുത്തെത്തി, പക്ഷേ എന്റെ നായ ഉടൻ കുരയ്ക്കാൻ തുടങ്ങി. നായയുടെ അപ്രതീക്ഷിത ആക്രമണം കടുവയെ ഞെട്ടിച്ചു. പിന്നാലെ കടുവ നായയെ തിരിച്ചാക്രമിക്കുകയായിരുന്നു’ അദ്ദേഹം പറയുന്നു.
ഒടുവില്‍ നായയെ കടിച്ചെടുത്ത് കാട്ടിലേക്ക്കൊണ്ടുപോകാനായിരുന്നു കടുവയുടെ ശ്രമം. എന്നാല്‍ ക്ഷീണിതനായ കടുവ പിന്നീട് നായയെ അവിടെ ഉപേക്ഷിച്ച് പിന്‍വാങ്ങി.ഗുരുതര പരുക്കകളോടെ വളര്‍ത്തുനായയെ ശിവം ജില്ലാ ആസ്ഥാനത്തെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു.
ചികില്‍സ ആരംഭിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നായ ജീവന്‍ വെടിഞ്ഞു. എന്നിരുന്നാലും നായയുടെ അസാധാരണമായ ധൈര്യത്തെയും ഉടമയോടുള്ള സ്നേഹത്തെയും പ്രശംസിക്കുകയാണ് ഗ്രാമവാസികൾ.