രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ഇന്നിങ്സിലും കേരളത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് വിദർഭയുടെ മലയാളി ഹീറോ കരുൺ നായർ. താരം രണ്ടാം ഇന്നിങ്സിൽ ഇതിനകം തന്നെ സെഞ്ച്വറി പിന്നിട്ടു. 184 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് സെഞ്ച്വറിയിലെത്തിയത്.
താരവും കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ച്വറി ഹീറോ ഡാനിഷ് മാലോവറും ഇപ്പോൾ ക്രീസിലുണ്ട്. 58 ഓവർ പിന്നിടുമ്പോൾ 188 റൺസിന് രണ്ട് എന്ന നിലയിലാണ് വിദർഭ.നാലാം ദിവസം രാവിലെ കേരളം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. പാർത്ഥ് രേഖാഡെയുടെ വിക്കറ്റാണ് ആദ്യം വീണത്. ഒരു റൺസെടുത്ത രേഖാഡെയെ ജലജ് സക്സേനയുടെ പന്തിൽ ബൗൾഡായി. പിന്നാലെ അഞ്ച് റൺസോടെ ധ്രുവ് ഷോറെയെയും കേരളത്തിന് പുറത്താക്കാൻ കഴിഞ്ഞു.
എം ഡി നിധീഷിന്റെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റുവെച്ച ധ്രുവ് ഷോറെയെ വലത്തേയ്ക്ക് ഡൈവ് ചെയ്ത് മുഹമ്മദ് അസ്ഹറുദ്ദീൻ കൈപ്പിടിയിലാക്കി. ധ്രുവിനെ പുറത്താക്കാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പനൊരു ക്യാച്ചുമെടുത്തു.ക്രീസിൽ ഉറച്ച കരുൺ നായരെ പുറത്താക്കാനുള്ള നിർണായക അവസരം അക്ഷയ് ചന്ദ്രൻ കൈവിടുകയും ചെയ്തു. ഏദൻ ആപ്പിൾ ടോം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ കരുൺ നായരുടെ ബാറ്റിൽ നിന്നുണ്ടായ എഡ്ജിൽ സ്ലിപ്പിൽ അക്ഷയ് ചന്ദ്രനിലേക്ക് എത്തിയെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല.
അതേ സമയം രഞ്ജി റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ടായിരുന്ന കരുണിന്റെ സീസൺ റൺ ടോട്ടൽ 800 കടന്നു. കഴിഞ്ഞ ഇന്നിങ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും താര സ്വന്തമാക്കിയിരുന്നു. രഞ്ജില്‍ മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിദർഭയെ മുന്നിൽ നിന്നും നയിച്ചത് കരുൺ നായരായിരുന്നു.
താരത്തിന്റെ ഈ ആഭ്യന്തര സീസണിലെ പ്രകടനം ഇന്ത്യൻ ടീമിന്റെ സെലക്ഷൻ വിവാദത്തിലേക്ക് വരെ നയിച്ചിരുന്നു.അവിശ്വസനീയമായ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ ബോർഡർ ഗാവസ്‌കർ ട്രോഫി, ഇംഗ്ലണ്ട് പരമ്പര, ചാംപ്യൻസ് ട്രോഫി ടീമിലെടുക്കാത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ഈ സീസണിൽ കേരളത്തിന് വേണ്ടി കളിക്കാൻ സന്നദ്ധത അറിയിച്ച താരം കൂടിയായിരിക്കുന്നു കരുൺ നായർ. ഫൈനലിന് മുമ്പേ ഇക്കാര്യം താരം വെളിപ്പെടുത്തിയിരുന്നു.
കേരള ടീം മാനേജ്‌മെന്റിനോട് കളിക്കാൻ അവസരം ചോദിച്ചിരുന്നുവെന്നും എന്നാൽ അത് എവിടെയുമെത്തിയില്ലെന്നും കരുൺ പറഞ്ഞു. ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിനു പുറത്താണെങ്കിലും ചെങ്ങന്നൂരാണ് താരത്തിന്റെ കുടുംബ ദേശം. താരം ഇടവേളകളിൽ ഇവിടെയെത്താറുമുണ്ട്